മുംബൈ: കവിയും ഗാനരചയിതാവുമായ ജവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ നേരിട്ട് ഹാജരാകാന്‍ കങ്കണക്ക് അവസാന അവസരം നല്‍കി കോടതി. അടുത്ത പ്രാവശ്യം ഹാജരായില്ലെങ്കില്‍ കങ്കണക്കെതിരെ നടപടിയെടുക്കുമെന്ന് അന്തേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
“ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം.”- കോടതി വ്യക്തമാക്കി. കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന കങ്കണയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മറുപടി നല്‍കിയത്. അടുത്ത ഹിയറിങ്ങില്‍ കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി.
അടുത്ത തവണ ഹാജരായില്ലെങ്കില്‍ കങ്കണക്കെതിരെ വാറണ്ട് അയക്കാന്‍ ജാവേദ് അക്തറിന് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. കങ്കണ നഗരത്തില്‍ ഇല്ലെന്നും അതിനാലാണ് ഹാജരാകാന്‍ കഴിയാത്തതെന്നുമാണ് നടിയുടെ അഭിഭാഷകന്‍ അറിയിച്ചത്.
കേസ് സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ നവംബറിലാണ് ജാവേദ് അക്തര്‍ കങ്കണക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ടിവി അഭിമുഖത്തില്‍ കങ്കണ തന്‍റെ പേര് വലിച്ചിഴച്ചെന്നും തന്നെ അപമാനിച്ചെന്നും തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.