തിരുവനന്തപുരം: കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡ് മരണക്കണക്ക് സംബന്ധിച്ച ക്രമക്കേട് പ്രതിപക്ഷം നിരന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. സര്‍ക്കാരിന്റെ ഈ സമീപനം അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുമെന്നും സതീശന്‍ പറഞ്ഞു.
ഇക്കാര്യം ശരിവയ്ക്കുന്ന വിവരാവകാശ രേഖകളും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ രേഖ പ്രകാരമാണ് കണക്കില്‍പ്പെടാത്ത 7316 മരണങ്ങള്‍ സംസ്ഥാനത്ത് കോവിഡ് കാരണം സംഭവിച്ചിട്ടുള്ളതായി വിവരം ലഭിച്ചിരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ 2020 ജനുവരി മുതല്‍ 2021 ജൂലൈ 13 വരെ 23,486 പേര്‍ മരിച്ചതായി വ്യക്തമാക്കുന്നു. എന്നാല്‍, ചൊവ്വാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കോവിഡ് മരണം 16,170 ആണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനേക്കാള്‍ 7316 വ്യത്യാസം. കോവിഡ് മരണം സര്‍ക്കാര്‍ മറക്കുെന്നന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഒൗദ്യോഗിക കോവിഡ് മരണ പട്ടികയിലെ വൈരുധ്യം പുറത്തുവന്നത്. ആരോഗ്യ വകുപ്പ് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മരണ കണക്ക് വിഷയം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങള്‍ വഴി സമാഹരിച്ച 2020 ജനുവരി മുതല്‍ 2021 ജൂലൈ വരെയുള്ള കണക്കാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കിയത്. ജനുവരിയില്‍ 693, ഫെബ്രുവരിയില്‍ 655, മാര്‍ച്ചില്‍ 405, ഏപ്രിലില്‍ 1650, മേയില്‍ 11258, ജൂണില്‍ 5873, ജൂലൈയില്‍ 643, ആഗസ്റ്റില്‍ 105, സെപ്റ്റംബറില്‍ 271, ഒക്ടോബര്‍ 683, നവംബര്‍ 630, ഡിസംബര്‍ 620 എന്നിങ്ങനെയാണ് മരണം. മേയ്, ജൂണ്‍ മാസങ്ങളിലാണ് മരണം കുത്തനെ ഉയര്‍ന്നത്. മേയില്‍ 11258 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2020 മേയില്‍ മൂന്ന് മരണമേയുള്ളൂ. ജൂണില്‍ 5873 മരണങ്ങളാണ് വിവരാവകാശ രേഖയിലുള്ളത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് 2020 ജൂണിലേത്.
കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് മരണകാരണമായി രേഖയിലില്ലെങ്കില്‍ ആനുകൂല്യം ലഭിക്കില്ലെന്ന സ്ഥിതി വന്നു. യഥാര്‍ഥ കോവിഡ് മരണങ്ങളെല്ലാം കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി. വിഷയം പരിഹരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.