ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ കേരളത്തിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീം കോടതി വിധിപറയും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ പ്രതികളായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന ഹര്‍ജിയിലാണ് നാളെ കോടതി വിധിപറയുക.
രാവിലെ 10.30ന് സുപ്രീം കോടതി കേസില്‍ വിധിപറയും. നിയമസഭക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു.
വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ, കെ. അജിത് എന്നീ പ്രതികൾ വിചരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നിയസഭയ്ക്ക് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്ന് അപ്പീലില്‍ കേരളം വ്യക്തമാക്കിയിരുന്നു.
2015ൽ അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു.