തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറി ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ ഏറെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. 10 കോടി രൂപ സമ്മാനം ലഭിച്ചയാളെ തിരഞ്ഞുള്ള അന്വേഷങ്ങൾക്കാണ് ഇതോടെ അവസാനമായത്. വടകര തിരുവള്ളൂർ സ്വദേശി തറവപ്പൊയിൽ ഷിജു ആണ് സമ്മാനാർഹൻ. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വടകര കനറ ബാങ്കിൽ ഏൽപ്പിച്ചതായി ഷിജു അറിയിച്ചു.
കെട്ടിട നിർമാണ തൊഴിലാളിയാണ് ഷിജു. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ഷിജുവിന് മുൻപും ചെറിയ സമ്മാനങ്ങൾ കിട്ടിയിരുന്നു. സമ്മാനം പ്രഖ്യാപിച്ചിട്ടും ടിക്കറ്റ് എടുത്തയാളെ കണ്ടെത്താനായിരുന്നില്ല. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.
50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റാണ് സമ്മാനം ലഭിച്ചത്. മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.