തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. തന്നെ സന്ദർശിക്കാനെത്തിയ കേരളത്തിലെ ഇടത് എംപിമാർക്കാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. കേരളത്തിലെ സർക്കാർ മേഖലയിലെ വാക്സിൻ പൂർണമായും കഴിഞ്ഞ അവസ്ഥയിലാണ് എംപിമാർ മന്ത്രിയെ കണ്ടത്.
സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരും കേന്ദ്ര ആരോഗ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എം ആരിഫ് തുടങ്ങിയവരും എളമരം കരീമിനൊപ്പമുണ്ടായിരുന്നു.
കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞതായി ഇടതുപക്ഷ എംപിമാർ പറഞ്ഞു. വാക്സിനേഷന്റെ വേഗത കണക്കിലെടുത്തു മുൻകൂറായി കേരളത്തിന് കൂടുതൽ വാക്സിൻ നൽകുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും എംപിമാർ കൂട്ടിച്ചേർത്തു.