സംസ്ഥാന ആസൂത്രണ ബോർഡ് പുതിയ ചില അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചത് നാല് ദിവസം മുമ്പായിരുന്നു. അതിൽ പാർട്ട് ടൈം അംഗമെന്ന നിലയിൽ സന്തോഷ് ജോർജ്ജ് കുളങ്ങരയെ ഉൾപ്പെടുത്തിയത് സംബന്ധിച്ച് ഒരു ചെറിയ കുറിപ്പ് എഫ്ബിയിൽ എഴുതിയിരുന്നത് വായിച്ച ഒരു ബഹുമാന്യ സുഹൃത്ത് ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണെ വീണ്ടും കുടിയിരുത്തിയതുമായി ബന്ധപ്പെട്ട ചില സൂചനകൾ നൽകുകയുണ്ടായി.
ധനമന്ത്രി സ്ഥാനത്തുനിന്നും തോമസ് ഐസക്കിനെ നീക്കി കെ.എൻ. ബാലഗോപാലനെ പ്രതിഷ്ഠിച്ചതിന് ശേഷം ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം പരിണതപ്രജ്ഞനും സാമ്പത്തിക വിദഗ്ദ്ധനുമായ തോമസ് ഐസക്കിലേക്ക് വന്നുചേരുമെന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നതാണ് (ഐസക്കിയൻ സമ്പദ്ശാസ്ത്രം മികച്ചതാണ് എന്നതുകൊണ്ടല്ല, മറിച്ച് രാഷ്ട്രീയ പ്രവർത്തന പരിചയമുള്ളയാൾ ഒരു ബ്യൂറോക്രാറ്റിനെക്കാൾ ഏറെ മെച്ചമായിരിക്കും എന്ന ബോധ്യമുള്ളതുകൊണ്ടുമാത്രം). എന്നാൽ രണ്ടാം പിണറായി സർക്കാർ ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി രണ്ടാമതും വാഴിച്ചത് പ്രൊഫ. വി.കെ.രാമചന്ദ്രനെ തന്നെയായിരുന്നു.
എന്തുകൊണ്ടായിരുന്നു അത്തരമൊരു തീരുമാനം? വി.കെ.രാമചന്ദ്രന്റെ ഇടതുസഹയാത്രികത്വം മാത്രമായിരുന്നുവോ അതിനെ കാരണം? അല്ലെന്ന്തന്നെ വേണം കരുതാൻ.
രണ്ടാം പിണറായി സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കെ.റെയിൽ അടക്കമുള്ള ഒട്ടനവധി പദ്ധതികൾക്ക് വി.കെ.രാമചന്ദ്രന്റെ ‘ബ്യൂറോക്രാറ്റിക് നൈപുണ്യം’ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് അദ്ദേഹത്തെ ആസൂത്രണ ഉപാദ്ധ്യക്ഷ പദവിയിൽ വീണ്ടും കുടിയിരുത്തിയത് എന്ന് വ്യക്തം.
പശ്ചിമ ബംഗാളിൽ സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് ചെയർമാൻ എന്ന നിലയിൽ 2006ൽ നിയമിതനായ പ്രൊഫ. വി.കെ.രാമചന്ദ്രൻ നന്ദീഗ്രാമിലടക്കം വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി ഭൂമി ലഭ്യമാക്കുന്നതിന് വലിയ സേവനങ്ങൾ നടത്തിയ വ്യക്തിയാണ്. ഇന്തോനേഷ്യയിലെ മുൻഭരണാധികാരിയായ സുഹാർതോയുടെ സലീം ഗ്രൂപ്പിന് സ്പെഷൽ ഇക്കണോമിക് സോൺ ആരംഭിക്കുന്നതിന് വേണ്ടി എല്ലാ ഏർപ്പാടുകളും ചെയ്തുകൊടുത്തതിന് പിന്നിൽ പ്രൊഫ. വി.കെ.രാമചന്ദ്രന്റെ ‘ബ്യൂറോക്രാറ്റിക് നൈപുണ്യം’ പ്രകടമായിരുന്നു. മിഡ്നാപൂർ, ബാൻകുറ, 24 പർഗാനാസ് എന്നിവിടങ്ങളിലായി പതിനായിരക്കണക്കിന് ഏക്കർ ഭൂമിയാണ് കർഷകരിൽ നിന്ന് ഈ കാലയളവിൽ ഏറ്റെടുത്തത്. സ്പെഷൽ ഇക്കണോമിക് സോണിനെതിരെ മറ്റ് സംസ്ഥാനങ്ങളിൽ ഇടതുപക്ഷം സമരമുഖത്തായിരുന്നെങ്കിലും, ഇന്തോനേഷ്യയിൽ കമ്യൂണിസ്റ്റുകാരെത്തന്നെ കൂട്ടക്കൊല നടത്തിയ സുഹാർതോയുടെ സലീം ഗ്രൂപ്പിന് വഴിവിട്ട രീതിയിൽ ഭൂമി ഏറ്റെടുത്ത് നൽകാൻ ബുദ്ധദേവ് ബട്ടാചാര്യയ്ക്കും അദ്ദേഹത്തിന്റെ ‘ഇടതുബോധമുള്ള’ ബ്യൂറോക്രാറ്റിനും വലിയ പ്രത്യയശാസ്ത്ര വേവലാതികളൊന്നും ഉണ്ടായിരുന്നില്ല.
പശ്ചിമ ബംഗാളിൽ മൂന്ന് പതിറ്റാണ്ട് കാലത്തെ സിപിഎം ഭരണത്തിന് അവസാനം കുറിക്കേണ്ടി വന്നത് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു. നന്ദീഗ്രാമിൽ പൊലിഞ്ഞ പതിനാല് ജീവന് സിപിഎമ്മിന് ഉത്തരം പറയേണ്ടിവന്നു. ബുദ്ധദേവിന് രാഷ്ട്രീയ വനവാസത്തിലേക്ക് കടക്കേണ്ടിവന്നു. ബുദ്ധി ഉപദേശിച്ച ബ്യൂറോക്രാറ്റിന് നഷ്ടപ്പെടാൻ ഒന്നും ഉണ്ടായിരുന്നില്ല. പുതിയ ലാവണങ്ങൾ. പുതിയ ചുമതലകൾ.
കെ.റെയിൽ അടക്കമുള്ള വൻതോതിൽ ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന പദ്ധതികളുമായി മുന്നോട്ടുപോകുമ്പോൾ, അത്തരമൊരു ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട് വി.കെ.രാമചന്ദ്രനെ ആസൂത്രണ ബോർഡ് വൈസ് ചെയർമാനായി വീണ്ടും കുടിയിരുത്തുമ്പോൾ ഓർക്കുക; ഇന്ത്യയിൽ ഇന്ന് ഏറ്റവും ഊർജ്ജസ്വലമായി നടക്കുന്ന പ്രക്ഷോഭം ഭൂമിക്ക് വേണ്ടിയുള്ളതാണ്.
നന്ദീഗ്രാം അകലെയല്ലെന്നും.