അബുദാബി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഓഗസ്റ്റ് രണ്ട് വരെ നീട്ടി. ഇത്തിഹാദ് എയര്‍ലൈന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ സംബന്ധിച്ച് യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് ഇത്തിഹാദ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുതിയ വിവരങ്ങള്‍ അറിയിച്ചത്. ഇതോടെ ഓഗസ്റ്റ് ആദ്യം മുതലെങ്കിലും സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായി.
യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും എമിറേറ്റ്സ് എയര്‍ലൈന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.