ഗുവാഹത്തി: അസം – മിസോറം അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്നുണ്ടായ സംഘര്‍ഷത്തിനിടെ മിസോറം പൊലീസ് നടത്തിയ വെടിവെപ്പിൽ അസം പൊലീസിലെ ആറുപേര്‍ മരിച്ചു. നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.
മിസോ അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങൾ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിനായി ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിര്‍ത്തിയിൽ സംഘര്‍ഷം മൂര്‍ച്ചിക്കുകയുമായിരുന്നു.
സംഭവത്തില്‍ മിസോറാം മുഖ്യമന്ത്രി സോറംതംഗ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടല്‍ തേടി. അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നതായും അസമിലെ കാച്ചാര്‍ ജില്ലയ്ക്കും മിസോറാമിലെ കോലാസിബ് ജില്ലയ്ക്കും സമീപം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കന്‍ മുഖ്യമന്ത്രിമാരെ ഷില്ലോങ്ങില്‍ സന്ദര്‍ശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അക്രമം നടന്നത്. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഇരു മുഖ്യമന്ത്രിമാരുമായും ഫോണില്‍ ബന്ധപ്പെട്ടു. അതിര്‍ത്തി പ്രശ്‌നം എത്രയും വേഗത്തില്‍ പരിഹരിക്കണമെന്ന് അദ്ദേഹം ഇരുവരോടും ആവശ്യപ്പെട്ടു. ഇരുവരും അമിത് ഷായുടെ നിര്‍ദേശം അംഗീകരിച്ചു.
മൂന്ന് മിസോറാം ജില്ലകളായ ഐസ്വാള്‍, കോലാസിബ്, മാമിറ്റ് എന്നിവ അസമിലെ കാച്ചാര്‍, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകളുമായി 164.6 കിലോമീറ്റര്‍ നീളമുള്ള അന്തര്‍ സംസ്ഥാന അതിര്‍ത്തി പങ്കിടുന്നുണ്ട്. അതിര്‍ത്തിയിലെ “തര്‍ക്ക” പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടലുകളുണ്ട്. ഇരുവശത്തുമുള്ള താമസക്കാര്‍ പരസ്പരം നുഴഞ്ഞുകയറ്റവും ആരോപിക്കുന്നുണ്ട്.