തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വ്യാപാരിയെ ജൂനിയര്‍ അഭിഭാഷകനായ രഞ്ജിത്ത് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം ബാര്‍ അസോസിയേഷന്. മര്‍ദ്ദനത്തിനിരയായ ഷിബുവിനെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ സഹായം നല്കിയതും തുടര്‍ന്ന് അഭിഭാഷകനായ ശ്രീജിത്തിനെതിരെ കേസ് നല്കാന് പോലീസ് സ്റ്റേഷനില്‍ ചെന്നതും തിരുവനന്തപുരം ബാര്‍ അസോസിയേഷനിലെ അഭിഭാഷകരാണെന്ന് അസോസിയേഷന് പത്രകുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ, അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്ന് കുറ്റാരോപിതനായ അഭിഭാഷകനും അദ്ദേഹത്തിന്റെ ഭാര്യയും ഇരയോടെ ക്ഷമാപണം നടത്തിയിരുന്നു. തുടര്‍ന്ന് വ്യാപാരിയായ ഷിബുവിന് നഷ്ടപരിഹാരം നല്‍കാമെന്നും അവര്‍ സമ്മതിച്ചതാണെന്നും സെക്രട്ടറി ജി മുരളീധരന് വ്യക്തമാക്കി. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, 12-1-2021-ല്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ജൂനിയര്‍ അഭിഭാഷകനും സുഹൃത്തുകളും സഞ്ചരിച്ചിരുന്ന വാഹനം വ്യാപാരിയുടെ വാഹനത്തില്‍ കൊണ്ട് ഇടിക്കുകയും വ്യാപാരിയായ ഷിബുവിനെ ജൂനിയര്‍ അഭിഭാഷകനായ തിരുവല്ലം നെല്ലിയോട് സ്വദേശി രഞ്ജിത്ത് മര്‍ദ്ദിക്കുന്നതായും വീഡിയോയില്‍ കാണാം. എസി സര്‍വീസ് സെന്റര്‍ ഉടമയായ ഷിബു ഏറെ നാളായി ബെയിന്‍ ട്യൂമര്‍ എന്ന രോഗത്തിന് ചികിത്സയിലാണ്. തൃശ്ശൂര്‍ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വച്ച് നടന്ന ശസ്ത്രക്രിയക്ക് ശേഷം ഏറെ നാള് വിശ്രമത്തിലായിരുന്ന ഷിബു തന്റെ സ്ഥാപനത്തിലേക്ക് വരുന്ന വഴിയാണ് ദാരുണ സംഭവം നടന്നത്. അതേസമയം, തന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ പല പ്രമുഖനേതാക്കളും ഇടപെടുന്നതായി ഷിബു ആരോപിച്ചു.