ന്യൂ ഡല്‍ഹി: ഇന്ന് കാര്‍ഗില്‍ വിജയദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന് ഇന്ന് 22 വയസ്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചത്. ആ ഐതിഹാസിക വിജയത്തിന്റെ ഓര്‍മദിനമാണ് ഇന്ന്.
1999 മേയ് 3 മുതല്‍ ജൂലായ് 26 വരെ നീണ്ട യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ ധീരരക്തസാക്ഷികളായി. ഇന്ന് ജമ്മു കാശ്മീരിലെ ദ്രാസില്‍, കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഡല്‍ഹിയിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. ദേശസ്‌നേഹത്തിന് പ്രചോദനമേകിയും ധീരതയ്ക്ക് പര്യായമെഴുതിയും നമുക്കായ് ജീവന്‍ ത്യജിച്ച ധീരസൈനികരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ രാജ്യത്തിന്റെ സല്യൂട്ട്.