ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 142 അടിയിലെത്തിയാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടതിനാൽ അടിയന്തര മുൻകരുതൽ നടപടി സ്വീകരിക്കാനാണ് നിർദേശം. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ഇന്ന് വൈകീട്ട് ആറോടെ അണക്കെട്ടിൽ ജലനിരപ്പ് 135.80 അടിയിലെത്തി. ശക്തമായ മഴക്ക് സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച ജില്ലയിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 140 അടിയിലെത്തിയാൽ ആദ്യ മുന്നറിയിപ്പും 141ൽ എത്തിയാൽ രണ്ടാംഘട്ട മുന്നറിയിപ്പും പുറപ്പെടുവിക്കും.
പരമാവധി ജലനിരപ്പായ 142 അടിയിൽ എത്തിയാൽ മൂന്നാംഘട്ട മുന്നറിയിപ്പോടെ സ്പിൽവേയുടെ ഷട്ടറുകൾ ആവശ്യമായ അളവിൽ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. അങ്ങനെ വന്നാൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് കെട്ടിടങ്ങൾ കണ്ടെത്താൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തി.