ന്യൂ ഡല്‍ഹി: ക്രിക്കറ്റ് ബോള്‍ എടുക്കാനായി മലിനജല ടാങ്കില്‍ ഇറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. നോയിഡയില്‍ ഇന്ന് രാവിലെയാണ് സംഭവം. ടാങ്കില്‍ ഇറങ്ങരുതെന്ന ആളുകളുടെ നിര്‍ദ്ദേശം അവഗണിച്ച് മലിനജലടാങ്കിലിറങ്ങിയ യുവാക്കളാണ് അപകടത്തിലകപ്പെട്ടത്. സന്ദീപ് (22) വിഷാല്‍ കുമാര്‍ ശ്രീ വാസ്തവ (27) എന്നിവരാണ് മരിച്ചത്. നോയിഡ സെക്ടര്‍ 5ലെ ജല്‍ നിഗം പാര്‍ക്കിന് സമീപം ക്രിക്കറ്റ് കളിക്കുകയായിരുന്നു ഇരുവരും. ഇതിനിടയിലാണ് ടാങ്കിനുള്ളിലേക്ക് ബോള്‍ വീണ് പോയത്.
അതേസമയം, ടാങ്കിന്റെ ചുമതലയുണ്ടായിരുന്ന ബല്‍റാം സിംഗ് എന്നയാളുടെ വിലക്കിനെ അവഗണിച്ച് ടാങ്കിലിറങ്ങിയതിന് പിന്നാലെ യുവാക്കള്‍ ബോധം കെട്ട് വീഴുകയായിരുന്നു. ഇവരെ ടാങ്കിന് പുറത്ത് എത്തിച്ചപ്പോഴേയ്ക്കും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ച യുവാക്കളെ കൂടാതെ രണ്ടുപേര്‍ കൂടി ടാങ്കിലിറങ്ങിയിരുന്നു. ഇവരെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നിലയും ഗുരുതരമാണ്.