തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകളാണ് നാളെ ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
അതേസമയം, കേരളത്തില്‍ ആകെ 26,300 പേരാണ് പരീക്ഷയെഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തില്‍ 12,423 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷത്തില്‍ 13,877 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. കൂടാതെ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 43 പേരും 16,568സ്ത്രീകളും 9,689പുരുഷന്‍മാരും ഉള്‍പ്പെടും. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗത്തിനാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല. തുല്യതാ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പരീക്ഷയ്ക്കായി 164 സെന്ററുകളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യതാ പരീക്ഷ.