കൊച്ചി: കൊവിഡ് മാനദണ്ഡം ലംഘിച്ച് ഐഎന്‍എല്‍ യോഗം. സംഭവത്തില്‍ ഐഎൻഎൽ സംസ്ഥാന നേതാക്കൾക്ക് എതിരെ കേസെടുക്കുമെന്ന് പൊലീസ് . യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു.
ഇന്ന് കൊച്ചിയിലെ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ അടിച്ച് പിരിഞ്ഞിരുന്നു.മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം ഉപേക്ഷിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഹോട്ടലില്‍ കുടുങ്ങിയ മന്ത്രിയെ പോലീസ് എത്തിയാണ് പുറത്തിറക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ യോഗത്തില്‍ മന്ത്രി തന്നെ പങ്കെടുത്തത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. പാര്‍ട്ടി പ്രതിരോധത്തിലായ പി.എസ്.സി. അംഗത്വ വിവാദം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് നേതൃയോഗം ചേര്‍ന്നത്.