കോവിഡ്​ പ്രതിരോധം; വാക്​സിനുകൾ ഹലാൽ ആണെന്ന്​ ലോകാരോഗ്യ സംഘടന

കോവിഡ്​ മഹാമാരിക്കെതിരെ ലോകത്ത്​ വികസിപ്പിച്ച വാക്​സിനുകൾ ഹലാൽ ആണെന്ന്​  ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ വാക്​സിൻ ഹലാലാണെന്ന്​ അറിയിച്ചിരിക്കുന്നത്​.

കോവിഡ് വാക്‌സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന തരത്തിൽ പ്രചാരണങ്ങള്‍ നടന്നിരുന്നു. പന്നി, നായ തുടങ്ങിയ മൃഗങ്ങളുടെ മാംസവും അനുബന്ധ ഉൽപ്പന്നങ്ങളും ഇസ്​ലാമിക മതനിയമ പ്രകാരം ഉപയോഗിക്കൽ അനുവദനിയമല്ല (ഹറാം). ഈ സാഹചര്യത്തിലാണ്​ ലോകാരോഗ്യ സംഘടന വാക്​സിൻ ഹലാലാണെന്ന്​ വ്യക്​തമാക്കിയിരിക്കുന്നത്​.

 ​​ ”മൃഗങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ വാക്​സിനുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോകമെങ്ങുമുള്ള ശരിഅത്ത് വിധി പ്രകാരമുള്ള ചർച്ചയിൽ വാക്സിനുകൾ എടുക്കുന്നത് അനുവദനീയമാക്കിയിട്ടുണ്ട്​”-ലോകാരോഗ്യ സംഘടന പറഞ്ഞു.