തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുയരുന്നതിൽ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ. ജാഗ്രത കൈവിട്ടാൽ പ്രതിദിന കേസുകൾ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും. സംസ്ഥാനത്തെ പകുതി പേരിൽപ്പോലും വാക്സിൻ എത്താത്തതും വലിയ വെല്ലുവിളിയാണ്.സീറോ സർവ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കോവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ബാക്കി 55 ശതമാനത്തിലധികം പേരും ഇനിയും രോഗബാധയ്ക്ക് സാധ്യതയുള്ളവരാണ്.
കേരളത്തിൽ കേസുകൾ രണ്ടാംതരംഗം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകിയിരുന്നുവെങ്കിലും കേസുകൾ വീണ്ടും ഉയരുകയാണ്. ആകെ ജനസംഖ്യയുടെ 38 ശതമാനം പേർക്ക് ആദ്യ ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകാനാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്. സ്ഥിരീകരിച്ച തീവ്രവകഭേദവും, ഉടനെ പ്രതീക്ഷിക്കുന്ന മൂന്നാംതരംഗവും മുന്നിൽക്കണ്ടാണ് പ്രതിദിന കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന മുന്നറിയിപ്പുകൾ.