മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മരണസംഖ്യ 112 ആയി. 99 പേരെ കാണാതായി. 53 പേര്‍ക്ക് പരിക്കേറ്റു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും 1.35 ലക്ഷം ആളുകളെ ഒഴിപ്പിച്ചു.കഴിഞ്ഞ ദിവസം തീരദേശമായ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മാത്രം 36 പേർ മരിച്ചിരുന്നു. 50 ഓളം പേർക്കായി തിരച്ചിൽ തുടരുകയാണ്. 32 വീടുകളാണ് ഇവിടെ മണ്ണിനടിയിലായത്.
കൊങ്കൺ മേഖലയിലെ ഏഴു ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇവിടെ മണ്ണിടിച്ചിലും പ്രളയവും മൂലം ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ മഹാബലേശ്വറിൽ 480 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടിയ കണക്കാണിതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
അതേസമയം, സാംഗ്ലി ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രദേശവാസികള്‍ ജാഗരൂകരായിരിക്കുകയാണ്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ നേതൃത്വത്തില്‍ മുംബൈ, താനെ, രത്നഗിരി, പൽഘർ, റായ്ഗഡ്, സഹാറ, സാംഗ്ലി, സിന്ധുദുർ നഗർ, കോലാപ്പൂർ എന്നിവിടങ്ങളിൽ 26 ടീമുകളായി തിരിഞ്ഞ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.