ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ വിതരണം സെപ്റ്റംബറോടെ ആരംഭിക്കാനാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. സൈഡുസ്, ഭാരത് ബയോ ടെക്, ഫൈസർ വാക്സിനുകൾ ആയിരിക്കും വിതരണത്തിനെത്തുകയെന്ന സൂചനയും അദ്ദേഹം നൽകി.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡുസ് വാക്സിൻ ട്രയൽ നടത്തി അടിയന്തര അനുമതിക്കായി കാത്തുനിൽക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ട്രയൽ ആഗസ്റ്റ്- സെപ്റ്റംബറോടെ പൂർത്തിയായാൽ അനുമതി ലഭിച്ചേക്കും. ഫൈസറിന്റെ വാക്സിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. സെപ്റ്റംബറോടെ കുട്ടികളിൽ വാക്സിൻ ആരംഭിക്കാനായേക്കുമെന്നും രൺദീപ് ഗുലേറിയ അറിയിച്ചു.