തിരുവനന്തപുരം: ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മറികടക്കാൻ കരുത്താകുന്നത് ആർദ്രം പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കേരളത്തിൻ്റെ ആരോഗ്യരംഗത്ത് സമഗ്ര പുരോഗതി കൈവരിക്കാൻ ആർദ്രം മിഷൻ വഴി സാധിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനമാണ് കേരളത്തിലെ ആരോഗ്യ മേഖല. ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ നേരിടാൻ നമുക്ക് ഈ പുരോഗമന പ്രവർത്തനങ്ങളാണ്.
സർക്കാരിൻ്റെ 100 ദിന കർമ്മപദ്ധതികളുടെ ഭാഗമായി 25 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 50 ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 856 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനാണ് പദ്ധതി തയ്യാറാക്കിയത്. അതിൽ 474 എണ്ണം പൂർത്തീകരിച്ചു. ബാക്കിയുള്ളവയിൽ ആറ് സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി ഇപ്പോൾ ഉയർത്തുന്നത്. വിദഗ്ധ ചികിത്സയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ആണ് ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. 2.5 കോടി രൂപ ചെലവിൽ വിവിധ സബ് സെൻററുകൾ ഹെൽത്ത്കെയർ വെൽനെസ് സെൻററുകൾ ആക്കി മാറ്റുകയാണ്. ഇത്തരത്തിൽ 28 സെൻററുകൾ ആണ് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.