തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ബന്ധുവിന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ആരോപണം നിഷേധിച്ച് മുൻ മന്ത്രി എ സി മൊയ്തീൻ. തന്‍റെ ബന്ധുവിന് പങ്കുണ്ടെന്ന് ആരോപിക്കുന്നവർ ബന്ധുവിന്‍റെ പേര് പറയണമെന്ന് എ സി മൊയ്തീൻ ആവശ്യപ്പെട്ടു.
തന്റെ ബന്ധുക്കൾക്ക് പങ്കുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കാൻ തയ്യാറാണ്. തനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്. സഹോദരങ്ങളെയും അവരുടെ മക്കളെയും കുറിച്ചും മാധ്യമങ്ങൾക്ക് അന്വേഷിക്കാമെന്നും മൊയ്തീൻ പറഞ്ഞു.
ബി.ജെ.പി കാടടച്ചു വെടിവെക്കുകയാണ്. മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമിനെ അറിയില്ല. ഏതെങ്കിലും പരിപാടിയിൽവെച്ച് കണ്ടോ എന്ന് അറിയില്ലെന്നും മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു.

















