ആസ്ട്രസെനക്കയുടെയോ ഫൈസറിന്റെയോ രണ്ട് ഡോസ് കോവിഡ് വാക്സീൻ ഡെൽറ്റ വകഭേദത്തിനെതിരെ അത്യന്തം കാര്യക്ഷമമാണെന്ന് ഇംഗ്ലണ്ടിൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു. ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങളോട് കൂടിയ കോവിഡിനെ നിയന്ത്രിക്കാൻ ഫൈസർ വാക്സീന്റെ രണ്ടു ഡോസുകൾ 88 ശതമാനവും ആസ്ട്രസെനക്കയുടെ രണ്ട് ഡോസുകൾ 67 ശതമാനവും ഫലപ്രദമാണെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പറയുന്നു.
റഷ്യയുടെ സ്പുട്നിക് വാക്‌സീൻ ഡെൽറ്റ വകഭേദത്തിനെതിരെ 90 % ഫലപ്രദമാണെന്ന് ജൂണിൽ നിർമാതാക്കൾ അവകാശപ്പെട്ടിരുന്നു. യഥാർഥ കോറോണ വൈറസിനെതിരെ സ്പുട്നിക് 92% ഫലപ്രദമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
കോവിഡിന്റെ ആൽഫ വകഭേദത്തിനെതിരെ ഫൈസറിന്റെയും ആസ്ട്രസെനക്കയുടെയും വാക്‌സീനുകളുടെ കാര്യക്ഷമത യഥാക്രമം 93.7 ശതമാനവും 74.5 ശതമാനവുമായിരുന്നു. ആൽഫാ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സീനുകളുടെ കാര്യക്ഷമതയിൽ നേരിയ വ്യത്യാസം മാത്രമേയുള്ളൂ എന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഫൈസറിന്റെയും ആസ്ട്രസെനക്കയുടെയും ഒരു ഡോസ് കോവിഡ് വാക്സീന് ഡെൽറ്റ വകഭേദത്തിനെതിരെ യഥാക്രമം 36 ശതമാനവും 30 ശതമാനവും മാത്രമാണ് കാര്യക്ഷമതയുള്ളതെന്ന് ഗവേഷണ റിപ്പോർട്ട് പറയുന്നു.
രോഗ ലക്ഷണങ്ങളോടു കൂടിയ കോവിഡിനെതിരെ ഫൈസർ അത്ര കാര്യക്ഷമമല്ലെന്നും എന്നാൽ തീവ്രരോഗ ബാധയ്ക്കെതിരെ ഈ വാക്‌സീൻ നൽകുന്ന സംരക്ഷണം വളരെ ഉയർന്നതാണെന്നും ജനസംഖ്യയിൽ ഭൂരിപക്ഷം പേർക്കും വാക്സീൻ നൽകിയ ഇസ്രായേലിൽ നിന്നുള്ള കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് കോവിഡ് വാക്സീൻ ഡെൽറ്റ വകഭേദത്തിനെതിരെ ഉണ്ടാക്കുന്ന ആന്റിബോഡി പ്രതികരണം ലബോറട്ടറി സാഹചര്യങ്ങളിൽ എട്ടു മാസം വരെ നീണ്ടു നിൽക്കുമെന്ന് ബെത് ഇസ്രായേൽ ഡെകണെസ്സ് മെഡിക്കൽ സെന്റർ നടത്തിയ മറ്റൊരു പഠനവും വ്യക്തമാക്കുന്നു.