കൊച്ചി: വിളകള്‍ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വേട്ടയാടാന്‍ കര്‍ഷകര്‍ക്ക് അനുമതി നൽകി ഹൈക്കോടതി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് കൃഷിയിടങ്ങളില്‍ വിള നശിപ്പിക്കാന്‍ എത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് നിർദേശിച്ചത്. ജസ്റ്റിസ് പി.ബി സുരേഷ് കുമാറാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയത്.
ഒരു മാസത്തിനകം ഇതേകുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അഭിഭാഷകരായ അലക്‌സ് എം സ്‌കറിയ, അമല്‍ ദര്‍ശന്‍ എന്നിവര്‍ മുഖാന്തിരം കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി.
മലയോര പ്രദേശങ്ങളിലെ കര്‍ഷകരുടെ വലിയ തലവേദനയാണ് കാട്ടുപന്നികളുടെ ആക്രമണം. കാട്ടില്‍നിന്നിറങ്ങുന്ന പന്നികളെ കൊല്ലാന്‍ വന്യജീവി നിയമ പ്രകാരം അനുമതിയില്ല. തുടര്‍ന്നാണ് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നികളെ കീടങ്ങളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് കര്‍ഷകര്‍ കോടതിയെ സമീപിച്ചത്.
തുടര്‍ന്നാണ് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11(1)(b) പ്രകാരം കര്‍ഷകര്‍ക്ക് അനുമതി നല്‍കാന്‍ ഉത്തരവായത്. കാട്ടുപന്നി ശല്യം തടയുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് ഈ നടപടിയെന്ന് കോടതി വ്യക്തമാക്കി.