ഭർത്താവിന്റെ അറസ്റ്റിന് ശേഷമുള്ള ആദ്യത്തെ സോഷ്യൽ മീഡിയ പോസ്റ്റുമായി ബോളിവുഡ് നടി ശില്പ ഷെട്ടി. എഴുത്തുകാരൻ ജെയിംസ് തുർബെറിന്റെ ഒരു പുസ്തകത്തിലെ ഒരു പേജ് ആണ് നടി പങ്കുവച്ചത്. അശ്ലീല ചിത്ര നിർമാണത്തിന്റെ പേരിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷമുള്ള നടിയുടെ ആദ്യത്തെ പോസ്റ്റാണ് ഇത്.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, ഷെട്ടി ഒരു പുസ്തകത്തിന്റെ പേജിൽ നിന്നുള്ള ഒരു ചിത്രം പങ്കിട്ടു, അതിൽ എഴുത്തുകാരൻ തുർബറിന്റെ ഉദ്ധരണി എടുത്തുകാണിക്കുന്നു, “കോപത്തോടെ തിരിഞ്ഞുനോക്കരുത്, അല്ലെങ്കിൽ ഭയത്തോടെ മുന്നോട്ട് നോക്കരുത്, മറിച്ച് അവബോധത്തിൽ ചുറ്റും നോക്കണം”
2009ൽ തന്നെയായിരുന്നു കുന്ദ്രയുടെയും ശില്പയുടെയും വിവാഹം. ഇരുവർക്കും രണ്ട് കുട്ടികളാണ്, 2012 ൽ ജനിച്ച മകൻ വിയാൻ രാജ് കുന്ദ്രയും, 2020ൽ ജനിച്ച മകളും.
അശ്ലീല ചിത്രങ്ങളുടെ നിര്മാണത്തിന്റെയും ചില അപ്പ്ലിക്കേഷനുകൾ വഴി അവ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് കുന്ദ്ര ഉൾപ്പടെ 11 പേരെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു.കുന്ദ്രയാണ് ഇതിന്റെയെല്ലാം മുഖ്യ സൂത്രധാരൻ എന്നും, അതിന് മതിയായ തെളിവുകൾ ഉണ്ടെന്നും മുംബൈ പോലീസ് കമ്മിഷണർ ഹേമന്ത് നഗരാളെ പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. കുന്ദ്ര പോലീസിനെ കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതി ഇമെയിൽ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഈ ഇമെയിൽ അയച്ചത് കേസിലെ മറ്റൊരു പ്രതിയായ യാഷ് താക്കൂറാണ്.