മുംബൈ: മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റായ്ഗഢിലെ കലായി പ്രദേശത്ത് മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ 5 പേരാണ് മരിച്ചത്. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 30 പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ് ജില്ലാ കലക്ടർ നിധി ചൗധരി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ മേഖലകളിലെ റോഡ് ഗതാഗതവും റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കൊങ്കൺ പാതയിൽ കൂടിയുള്ള നിരവധി ട്രെയിനുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ കൊങ്കൺ പാതയിൽ കൂടി സഞ്ചരിക്കുന്ന ആറായിരത്തിലേറെ യാത്രക്കാരാണ് ട്രെയിനിൽ തന്നെ കുടുങ്ങിയതെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു.