കൊല്ലം: മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെ തുടർന്ന് വിവാദമായ പീഡന പരാതിയിൽ എൻസിപിയിൽ നടപടി. എൻസിപി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും കേസിൽ പ്രതിസ്ഥാനത്തുള്ളയാളുമായ ജി പത്മാകരനെയും നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ് രാജീവിനെയും സസ്പൻഡ് ചെയ്തു. പാർട്ടി അന്വേഷണ കമ്മീഷൻ ശുപാർശ പ്രകാരമാണ് നടപടി.
പത്മാകരന് എതിരെയാണ് യുവതി പീഡന പരാതി ഉന്നയിച്ചത്. ഈ പരാതിയിൽ നിയമ നടപടി തുടരട്ടെയെന്നാണ് എൻസിപി അന്വേഷണ കമ്മീഷന്റെയും പാർട്ടിയുടെയും നിലപാട്. സംഭവത്തിൽ ഇനിയും നടപടിയുണ്ടാകുമെന്നും എൻസിപി ജനറൽ സെക്രട്ടറി കെ ആർ രാജൻ പറഞ്ഞു.
നേരത്തെ, കുണ്ടറ പീഡനക്കേസിൽ പരാതിക്കാരി മൊഴി നൽകിയിരുന്നു. മന്ത്രി എ കെ ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് മൊഴി. പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ശ്രമിച്ചു. മന്ത്രി ഫോൺ വിളിച്ചത് ഉൾപ്പെടെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മന്ത്രിക്ക് എതിരെ ഗവർണർ ആരിഫ് അലി ഖാനും പരാതി നൽകുമെന്ന് അവർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.