മഡഗാസ്‌കന്‍ പ്രസിഡന്റ് ആന്‍ഡ്രി രാജോലിനനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വിദേശ പൗരന്മാരടക്കം നിരവധി പേരെ ചൊവ്വാഴ്ച മഡഗാസ്‌കന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു. കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനും എതിരാളിയുടെ ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള നിയമപ്പോരാട്ടങ്ങള്‍ക്കുമൊക്കെ ഒടുവില്‍ 2019-ലാണ് ആന്‍ഡ്രി രാജോലിന മഡഗാസ്‌കര്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.
”ഞങ്ങളുടെ കൈവശമുള്ള തെളിവുകള്‍ അനുസരിച്ച്, ഈ വ്യക്തികള്‍ രാഷ്ട്രത്തലവന്‍ ഉള്‍പ്പെടെ നിരവധി പേരെ വധിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു,” അറസ്റ്റിന് ശേഷം അറ്റോര്‍ണി ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട വിദേശികളുടെ രാജ്യമേതാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.