സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന വാർത്തയിൽ നിയമസഭ പ്രക്ഷുബ്ധം. സംഭവത്തിൽ മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല. പാർട്ടിക്കാർ തമ്മിലുള്ള തർക്കമാണ് മന്ത്രി അന്വേഷിച്ചത്. കേസ് ദുർബലപ്പെടുത്താനുള്ള ഉദ്ദേശം മന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പരാതിക്കാരിക്ക് പൂർണമായും നിയമസംരക്ഷണം ഉറപ്പാക്കുംമെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷത്തിൽ പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അനുമതി നിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം അനാവശ്യ ന്യായീകരണമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. പരാതി പിൻവലിപ്പിക്കാനാണ് മന്ത്രി ശ്രമിച്ചത്. നിയമസഭയിൽ തലകുനിച്ചാണ് മുഖ്യമന്ത്രി ഇരിക്കുന്നത്. പെൺകുട്ടിയെ കയ്യിൽ കയറി പിടിച്ചു എന്നാണ് ആരോപണം. അത് എങ്ങനെയാണ് നല്ല രീതിയിൽ തീർക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും സതീശൻ ചോദിച്ചു.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.സി വിഷ്ണുനാഥ് പറഞ്ഞു. എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികൾ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചത്. മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രന്റെ ശബ്ദരേഖ മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.