തിരുവനന്തപുരം;ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യാകുമാരി അലക്‌സിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ . കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. കഴിഞ്ഞ ജൂണിൽ കൊച്ചിയിലെ റിനൈ മെഡിസിറ്റിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഏറെനേരം എഴുന്നേറ്റ് നിൽക്കാൻ കഴിയുന്നില്ലെന്നും ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമെന്നും അനന്യ പറഞ്ഞിരുന്നു. ആരോപണം ശരിയാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം ശസ്ത്രക്രിയകളുടെ മറവിൽ വലിയ സാമ്പത്തിക ചൂഷണം നടക്കുന്നുണ്ട്. ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകണം.
സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും എൽജിബിറ്റി വിഭാഗത്തിൽപ്പെട്ടവർ തിരസ്‌ക്കരിക്കപ്പെടുന്നു. തുടർന്ന് ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സയ്ക്കും ഒറ്റയ്ക്ക് ഓടേണ്ട അവസ്ഥയാണ് ഇവർക്ക്. കേരളം പോലെ പുരോഗമനപരമായ ഒരു സമൂഹത്തിൽ ഇത്തരം ഒറ്റപ്പെടലുകൾ ഭൂഷണമല്ല. ഈ വിഭാഗങ്ങളുടെ ചികിത്സയ്ക്കും ശസ്ത്രക്രിയക്കും സർക്കാർ മേൽനോട്ടവും സാമ്പത്തിക സഹായവും ഉറപ്പുവരുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് സർക്കാർ ആലോചിക്കണം. ഇവരുടെ പുനരധിവാസത്തിനും ജോലി പ്രവേശനത്തിനും ഒന്നാം പിണറായി സർക്കാർ സ്വീകരിച്ച നടപടികൾ മാതൃകാപരമായിരുന്നു. എന്നാൽ എൽജിബിറ്റി വിഭാഗങ്ങളുടെ ആരോഗ്യപരിപാലനം ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങൾ ഇനിയും നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്.
അനന്യ താരതമ്യേനെ സമൂഹത്തിൽ അറിയപ്പെടുന്ന ആളായിരുന്നു. എന്നിട്ടുകൂടി പിടിച്ചുനിൽക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടിവന്നെങ്കിൽ, തികച്ചും സാധാരണക്കാരായ എൽജിബിറ്റി വിഭാഗത്തിൽപ്പെട്ടവർ നേരിടുന്ന സമാനമായ പ്രശ്‌നങ്ങളുടെ തോത് വളരെ വലുതായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അനന്യയുടെ മരണത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തുന്നു.
മരണത്തിന് മുമ്പ് അനന്യ ഉന്നയിച്ച എല്ലാ കാര്യങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സർക്കാർ ഉറപ്പുവരുത്തണം. തുടർന്ന് ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാൻ സമഗ്രമായ പദ്ധതി സർക്കാർ തയ്യാറാക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.