ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അടക്കം 14 ലോകനേതാക്കൾ കൂടി ഉൾപ്പെട്ടതോടെ പെഗസസ് ഫോൺ ചോർത്തൽ വിവാദം രാജ്യാന്തര തലത്തിലേക്കു വളരുന്നു. ഇന്ത്യൻ സർക്കാരിനെ മാത്രം ലക്ഷ്യംവച്ചുള്ളതാണെന്ന കേന്ദ്രഭരണാധികാരികളുടെ വാദത്തിന്റെ മുനയൊടിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഇറാഖ് പ്രസിഡന്റ് ബർഹാം സലേഹ്, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി, മൊറോക്കോയിലെ മുഹമ്മദ് ആറാമൻ രാജാവ്, പ്രധാനമന്ത്രി സാദ് അൽ ഉത്‌മാനി തുടങ്ങിയവർ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ വെളിപ്പെടുത്തിയത്.
പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിരീക്ഷണത്തിലായിരുന്നുവെന്നു കഴിഞ്ഞദിവസം റിപ്പോർട്ട് വന്നിരുന്നു. ബൽജിയം, ലബനൻ, അൾജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മുൻ ഭരണത്തലവന്മാരുടെ നമ്പറുകളുമുണ്ട്. 32 രാജ്യങ്ങളിലായി അറുനൂറിലധികം സർക്കാർ പ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രമുഖ മെസേജിങ് ആപ് ടെലിഗ്രാമിന്റെ സ്ഥാപകൻ പവൽ ഡുറോവിന്റെ നമ്പറും പെഗസസ് പട്ടികയിലുണ്ട്. സർക്കാർ നിരീക്ഷണം നേരിടാനുള്ള ബദൽ എന്ന രീതിയിൽ പ്രചാരം നേടിയ ആപ്പുകളിലൊന്നാണ് ടെലിഗ്രാം.
മൊറോക്കോയാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ഉന്നംവച്ചതെന്നു ഫ്രഞ്ച് പത്രമായ ‘ലെ മോന്ത്’ റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് സർക്കാരിലെ മറ്റ് ഉന്നതരുടെ നമ്പറുകളുമുണ്ട്. ഫ്രഞ്ച് സർക്കാർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.എന്നാൽ മൊറോക്കോ ആരോപണം തള്ളി. ഹംഗറിയിലെ വിക്ടർ ഓർബൻ സർക്കാർ അവിടത്തെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ചോർത്താൻ പെഗസസ് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. ഇന്ത്യ അടക്കം 11 രാജ്യങ്ങളാണ് പെഗസസ് റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്.
വിവാദങ്ങൾക്കു പിന്നാലെ വിഷയം പരിശോധിക്കാൻ ഇസ്രയേൽ മന്ത്രിതല സമിതിയെ നിയോഗിച്ചു. അംഗീകൃത സർക്കാർ ഏജൻസികൾക്കു സോഫ്റ്റ്‍വെയർ വിൽക്കാനാണ് പെഗസസിന്റെ സ്രഷ്ടാക്കളായ എൻഎസ്ഒ ഗ്രൂപ്പിന് ഇസ്രയേൽ സർക്കാരിന്റെ അനുമതിയുള്ളത്. ദുരുപയോഗത്തിനു തെളിവുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് എൻഎസ്ഒ അറിയിച്ചു. വേണ്ടിവന്നാൽ ആ ഉപയോക്താക്കൾക്ക് വിലക്ക് ഏർപ്പെടുത്തും.