കൊല്ലം: കുണ്ടറ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് വേണ്ടി മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യുവതി. കേസില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും യുവതി പറഞ്ഞു. ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ട പൊലീസ് പ്രതിക്കൊപ്പം നിന്ന് തന്നെ അധിക്ഷേപിക്കുകയാണ്. ഇന്നലെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് സംഘം വീട്ടില്‍ എത്തിയിരുന്നെങ്കിലും വീട്ടില്‍ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോവുകയായിരുന്നു. എന്നാല്‍ മൊഴിയെടുപ്പിനെ കുറിച്ച് പൊലീസ് ഇതുവരെയും അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി.അതേസമയം,
അതേസമയം, എ കെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. കുണ്ടറയിലെ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇക്കാര്യം സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയോ എന്ന് അന്വേഷിക്കുമെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കാന്‍ കാലതാമസമുണ്ടായെന്ന കാര്യം ഡിജിപി അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.