തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അതേസമയം, എ കെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. കുണ്ടറയിലെ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇക്കാര്യം സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയോ എന്ന് അന്വേഷിക്കുമെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കാന്‍ കാലതാമസമുണ്ടായെന്ന കാര്യം ഡിജിപി അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.