തൃശൂര്‍: കരുവന്നൂരില്‍ നിന്നും വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. മുന്‍ പഞ്ചായത്തംഗം ആയിരുന്ന ടി എം മുകുന്ദന്‍ (59 ) ആണ് ആത്മഹത്യ ചെയ്തത്. 80 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് മുകുന്ദന് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.
അതേസമയം, സി.പി.എം. നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നൂറ് കോടി രൂപയുടെ വായ്പ തട്ടിപ്പാണ് കഴിഞ്ഞ ദിവസങ്ങലില്‍ കണ്ടെത്തിയത്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നത്.
വായ്പ നല്‍കിയ ഈടിന്‍ മേല്‍ വീണ്ടും വായ്പ നല്‍കിയും, വസ്തുവിന്റെ ഉടമ അറിയാതെ മറ്റൊരാള്‍ക്ക് വായ്പ നല്‍കിയും, വായ്പാ പരിധി ലംഘിച്ചുമെല്ലാമാണ് നൂറ് കോടിയിലേറെ രൂപ തട്ടിയത്. ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വരവ് ചെലവ് കണക്കുകളിലും ക്രമക്കേടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരേയും മുന്‍ ജീവനക്കാര്‍ക്കെതിരേയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.