കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.
അതേസമയം, കഴിഞ്ഞ ദിവസമാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ ചികിത്സാ പിഴവ് പറ്റിയിട്ടില്ലെന്ന് റിനൈ മെഡിസിറ്റി അധികൃതര്‍. ശസ്ത്രക്രിയയ്ക്ക് ആറുമാസത്തിനു ശേഷം പ്രതീക്ഷിച്ച ലൈംഗിക അവയവം ലഭിച്ചില്ല എന്ന പരാതിയാണ് അനന്യ ഉന്നയിച്ചതെന്നും ആശുപത്രി അധികൃതര്‍ ഇന്നലെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ അനന്യയുടെ മരണത്തില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.