ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും രണ്ടാം ബാച്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. റാഫേല്‍ ഉടമ്ബടിയുടെ ഭാഗമായി ഇത് രണ്ടാം ബാച്ച് വിമാനങ്ങളാണ് ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായ് 29ന് ആദ്യ ബാച്ച് അഞ്ച് വിമാനങ്ങള്‍ എത്തിയിരുന്നു.
ഫ്രാന്‍സിലെ ഇസ്ട്രെസ് എയര്‍ ബേസില്‍ നിന്നും വിമാനങ്ങള്‍ വഴിയിലെവിടെയും ഇറങ്ങാതെയാണ് ഇന്ത്യയിലെത്തിയത്. ഇടയ്‌ക്ക് വായുമദ്ധ്യേ യുഎഇയുടെ വിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാനും സഹായിച്ചു.
ഫ്രഞ്ച് സര്‍ക്കാരുമായി 36 വിമാനങ്ങള്‍ക്കാണ് ഇന്ത്യ 2016ല്‍ കരാര്‍ ഏര്‍പ്പെട്ടത്. 59000 കോടിയായിരുന്നു ചിലവ്. ഇവയെല്ലാം 2022ഓടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍പ് വ്യോമസേനാ മേധാവി ആര്‍.കെ.എസ് ഭദൗരിയ വെളിപ്പെടുത്തിയിരുന്നു. മിക്ക വിമാനങ്ങളും പറഞ്ഞ സമയത്തിന് മുന്‍പ് തന്നെ ഫ്രാന്‍സ് നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു.