തൃശൂര്‍: മണ്ണുത്തി കുതിരാന്‍ തുരങ്കപാതയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്തിമ പരിശോധന പൂര്‍ത്തിയാക്കി. തുരങ്കം ആഗസ്റ്റില്‍ തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ല ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ തുരങ്കത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമഘട്ട പരിശോധന നടത്തിയത്. വ്യാഴാഴ്ച സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ജില്ല ഫയര്‍ ഓഫിസര്‍ അറിയിച്ചു.
തുരങ്കപാതയിലെ ഫയര്‍ സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഫയര്‍ ഓഫിസര്‍ അറിയിച്ചു. ഓരോ 50 മീറ്റര്‍ ഇടവിട്ട് തുരങ്ക പാതയില്‍ ഫയര്‍ ഹൈഡ്രന്‍റ് പോയിന്‍റുകള്‍ സ്ഥാപിച്ചു. ഒരു ഡീസല്‍ പമ്ബും രണ്ട് ഇലക്‌ട്രിക്കല്‍ പമ്ബുകളും ഇവിടെയുണ്ട്. ഇത് ഉപയോഗിച്ചാണ് ശക്തമായി വെള്ളം പമ്ബ് ചെയ്ത് സുരക്ഷാ പരിശോധന നടത്തിയത്.
രണ്ട് ലക്ഷം ലിറ്ററിന്‍റെ വെള്ള ടാങ്ക് തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ അഗ്നിരക്ഷാസേന വരുന്നതിന് മുന്‍പ് തന്നെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുരങ്കത്തില്‍ നടത്താന്‍ കഴിയും. തുരങ്ക പാതയുടെ പലസ്ഥലങ്ങളിലും ഹോസ് റീലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
തങ്ങള്‍ നിര്‍ദേശിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും തുരങ്ക നിര്‍മാണ കമ്ബനി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അറിയിച്ചു.