തിരുവനന്തപുരം: പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ എൻസിപി നേതാവും വനം മന്ത്രിയുമായ എ കെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല. ക്രിമിനൽ കേസെടുക്കാവുന്ന ഭീഷണി പോലുള്ള കാര്യങ്ങൾ പരാതിക്കാരിയുമായുള്ള മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഫോൺ വിളിയിൽ ശശീന്ദ്രനെതിരെ കേസെടുക്കാനാകുമോ എന്ന് പോലീസ് നിയമോപദേശം തേടിയിരുന്നു. പരാതിക്കാരിയുടെ പിതാവുമായി ശശീന്ദ്രൻ നടത്തിയ ഫോണ്‍ സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് പോലീസ് നിയമോപദേശം തേടിയത്.ഫോണ്‍ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്താൽ നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം.