ലണ്ടന്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. 14 ലോക നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും സൗത്ത് ആഫിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുടെ ഫോണ്‍ നമ്പറും പട്ടികയിലുണ്ട്.
34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ സൈനിക മേധാവികള്‍ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ പെഗാസസ് നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ പത്ത് പേര്‍ പ്രധാനമന്ത്രിമാരും മൂന്ന് പേര്‍ പ്രസിഡന്റുമാരുമാണ്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവരും പട്ടികയിലുണ്ട്. ഇമ്മാനുവല്‍ മാക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോയാണെന്നാണ് വെളിപ്പെടുത്തല്‍. അതേസമയം, ഫ്രഞ്ച് സ്വതന്ത്ര്യ വാര്‍ത്ത സൈറ്റ് ഫോര്‍ബിഡന്‍ സ്റ്റോറീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ 20ഓളം മാധ്യമസ്ഥാപനങ്ങളും ഏജന്‍സികളും പെഗാസസ് വാര്‍ത്ത പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതിനിടെ, പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിന് മൊറോക്കോ ഇന്റലിജന്‍സ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണം.പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയപാര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിലെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. പെഗാസസ് വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച ആദ്യ രാജ്യമാണ് ഫ്രാന്‍സ്. അതേസമയം ഇന്ത്യയില്‍ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.