തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി മന്ത്രി എ കെ ശശീന്ദ്രന്‍. പീഡന പരാതി പിന്‍വലിക്കാന്‍ അല്ല ആവശ്യപ്പെട്ടത്. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട വിഷയം എന്ന നിലയ്ക്കാണ് ഫോണ്‍ വിളിച്ചതെന്നും ആണ് മന്ത്രിയുടെ വിശദീകരണം. എൻസിപിക്ക് അകത്തും മന്ത്രി ഇതേ വിശദീകരണമാണ് നല്‍കിയത്.
എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് ആവശ്യപ്പെട്ടത്. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ട് പിതാവിനെ വിളിച്ചതിന്‍റെ ശബ്ദരേഖ പുറത്തു വന്നതോടെ മന്ത്രി പ്രതിരോധത്തിലാവുകയായിരുന്നു. ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ കേസിനെ പറ്റി അറിയാതെയാണ് വിളിച്ചതെന്നും തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.
പരാതിക്കാരിയുടെ അച്ഛന്‍ തന്‍റെ പാര്‍ട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. കുണ്ടറ മണ്ഡലം പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ച് ചോദിച്ചതുതന്നെ അവിെട പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടല്ലോ എന്നാണ്. അദ്ദേഹം പാര്‍ട്ടിയലല്ല പ്രശ്നമെന്ന് പറഞ്ഞ് വിഷയം വിശദീകരിച്ചപ്പോള്‍ അത് നല്ലനിലയില്‍ തീര്‍ക്കണമെന്ന് പറഞ്ഞ് തെന്റ സംഭാഷണം അവസാനിപ്പിച്ചു. പരാതി പിന്‍വലിക്കണമെന്ന് പറഞ്ഞിട്ടില്ല. പ്രലോഭനം നടത്തിയിട്ടില്ല. വിഷയം എങ്ങനെ പരിഹരിക്കണമെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് ശശീന്ദ്രന്‍ വിശദീകരിച്ചു. ഇക്കാര്യം തന്നെ ശശീന്ദ്രന്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയോടും വിശദീകരിച്ചു.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനെ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ബുധനാഴ്ചതന്നെ സമര്‍പ്പിക്കും. വ്യാഴാഴ്ച നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കാന്‍ രാത്രിയോടെ ശശീന്ദ്രന്‍ തലസ്ഥാനത്തേക്ക് തിരിച്ചിരുന്നു.