ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്‌സിന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. എന്നാല്‍, രണ്ടാം തരംഗത്തിനിടെ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത വന്‍തോതില്‍ വര്‍ധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.
ഒന്നാം തരംഗത്തിനിടെ 3095 മെട്രിക് ടണ്‍ ആയിരുന്നു മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകതയെങ്കില്‍ രണ്ടാം തരംഗത്തിനിടെ അത് 9000 മെട്രിക് ടണ്ണായി വര്‍ധിച്ചു. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു.
രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്റെ ക്ഷാമം മൂലം നിരവധി കോവിഡ് രോഗികള്‍ ആശുപത്രികളിലടക്കം മരിച്ചുവെന്ന കാര്യം ശരിയല്ലേ എന്ന ചോദ്യത്തിന് മറുപടിയായി ആരോഗ്യം സംസ്ഥാന വിഷയമാണെന്ന കാര്യം കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ചൂണ്ടിക്കാട്ടി.
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോവിഡ് കേസുകളുടെയും മരണങ്ങളുടെയും വിവരങ്ങള്‍ പ്രതിദിനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുന്നുണ്ട്. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഓക്‌സിജന്‍ ക്ഷാമം മൂലമുണ്ടായ ഒരു മരണം പോലും സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
1222 ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍ക്ക് അനുമതി നല്‍കി. ജൂലായ് 15 വരെ ഇതില്‍ 237 പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്തു. മെഡിക്കല്‍ ഓക്‌സിജന്‍ സംഭരിക്കുന്നതിനായി രണ്ടാമത്തെ കോവിഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപവീതം ചിലവഴിച്ച് 1050 ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ക്ക് അനുമതി നല്‍കിയെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി അറിയിച്ചു.