ന്യൂഡൽഹി; രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിലേക്ക്. 2-6 പ്രായത്തിലുള്ള കുട്ടികൾക്കുള്ള കോവാക്സിന്റെ രണ്ടാം ഡോസ് പരീക്ഷണം അടുത്ത ആഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്.ആറിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ രണ്ടാം ഡോസ് നേരത്തെ നൽകിയിരുന്നതായി ഡൽഹി എയിംസ് അധികൃതർ വ്യക്തമാക്കി.
വിവിധ പ്രായത്തിലുമുള്ള 175 കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് തരം തിരിച്ചാണ് പരീക്ഷണം നടത്തുന്നത്. വാക്സിന്റെ രണ്ടാം ഡോസ് എല്ലാവര്‍ക്കും നല്‍കി പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം ഓഗസ്റ്റ് അവസാനത്തോടെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷമായിരിക്കും വാക്സിന്‍ കുട്ടികള്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് വിലയിരുത്തുന്നത്.ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ കൂടാതെ മറ്റൊരു ഇന്ത്യന്‍ കമ്പനിയായ സൈഡസ് കാഡിലയുടെ കുട്ടികള്‍ക്കുള്ള വാക്സിന്റെയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യത്ത് നടന്നുവരികയാണ്.