ആരോഗ്യത്തിന്റെ കാര്യത്തിൽ കൊളസ്ട്രോൾ എന്നും ഒരു വില്ലൻ തന്നെയാണ്. അത് കൂടിയാലും പ്രശ്നം കുറഞ്ഞാലും പ്രശ്നം തന്നെയാണ്.കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം.
ഭക്ഷണത്തിൽ നിന്നു കൂടുതലായി കിട്ടുന്ന കൊളസ്ട്രോളിന്റെ കാര്യത്തിൽ, ചില ആഹാരസാധനങ്ങൾ കുറയ്ക്കുകയും മറ്റു ചിലത് കൂടുതലായി ഉൾക്കൊള്ളിക്കുകയും നിയന്ത്രിക്കുകയുമാണ് വേണ്ടത്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് നട്സ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ എൽഡിഎൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോഗം വരാതെ സംരക്ഷിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് മുമ്പ് നടത്തിയ മിക്ക പഠനങ്ങളിലും പറയുന്നത്. ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കുകയും അസിഡിറ്റി, ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ വരാതെയും നോക്കുന്നു.കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് വെളുത്തുള്ളി. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘അലിസിന്‍’ എന്ന പദാര്‍ത്ഥമാണ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് ന്യൂട്രീഷ്യനിസ്റ്റായ ഡോ. രുപാലി ദത്ത പറയുന്നു.
ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രമേഹരോഗികൾ ഇഞ്ചി നീര് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.കനേഡിയൻ പഠനത്തിൽ രണ്ടര എണ്ണം കാരറ്റ് പച്ചയ്ക്ക് ദിവസവും കഴിച്ചവരിൽ കൊളസ്ട്രോളിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടു. കാരറ്റിലുള്ള ബീറ്റാകരോട്ടിൻ എന്ന ആന്റി ഒക്സിഡന്റ് നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവു കൂട്ടുന്നതായും പഠനങ്ങളുണ്ട്. കാരറ്റിലുള്ള ലയിക്കുന്ന തരം നാരുകളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.