ന്യൂ ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാക്കും. ഇരുസഭകളിലും സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ ഫോണുകള്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഭയില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.
അതേസമയം, ഇന്ത്യയുടെ വികസനം ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലൂടെ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ. ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാന്‍ കഴിയില്ല. വര്‍ഷകാല സമ്മേളനം പുരോഗതിയുടെ പുതിയ ഫലങ്ങള്‍ നല്‍കും. തടസക്കാര്‍ക്ക് വേണ്ടി കുഴപ്പക്കാരുടെ റിപ്പോര്‍ട്ടാണിത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് തൊട്ടുമുമ്ബ് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രശ്മുണ്ടാക്കാനായി തയ്യാറാക്കിയതാണ് എന്നും അമിത് ഷാ ആരോപിച്ചു.
അതിനിടെ, വൈകീട്ട് പ്രധാനമന്ത്രി കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്.