ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനം ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലൂടെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.
ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാൻ കഴിയില്ല. വർഷകാല സമ്മേളനം പുരോഗതിയുടെ പുതിയ ഫലങ്ങൾ നൽകും. തടസക്കാർക്ക് വേണ്ടി കുഴപ്പക്കാരുടെ റിപ്പോർട്ടാണിത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് തൊട്ടുമുമ്ബ് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രശ്മുണ്ടാക്കാനായി തയ്യാറാക്കിയതാണ് എന്നും അമിത് ഷാ ആരോപിച്ചു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ റിപ്പോര്‍ട്ടിന് പിന്നാലെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.
അതേസമയം, ഫോണ്‍ ചോര്‍ത്തലില്‍പ്പെട്ട കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്തുവന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, തൃണ്‍മൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേല്‍, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടി എന്നിവരുടെ പേരും പുറത്തുവന്ന പുതിയ പട്ടികയിലുണ്ട്.
ഇന്നലെയാണ് ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നത്. ഫോൺചോർത്തൽ കേന്ദ്രസർക്കാർ അറിവോടെ ആണെന്ന വാർത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്ത തള്ളി കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.