ന്യൂഡൽഹി: പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ.പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത് .ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
സർക്കാർ ഏജൻസികൾ യാതൊരു തരത്തിലുള്ള ഫോൺ ചോർത്തലും നടത്തിയിട്ടില്ല. പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച ആരോപണങ്ങൾ വാട്സ്ആപ്പ് അടക്കമുള്ളവ സുപ്രിം കോടതിയിലടക്കം നിഷേധിച്ചിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു.