കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകരുതെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. അർജുൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കസ്റ്റംസ് നിലപാട് വ്യക്തമാക്കിയത്.സ്വർണക്കടത്തിനും മറ്റുള്ളവർ കൊണ്ടുവരുന്ന സ്വർണം കവർച്ച ചെയ്യുന്നതിനും ഇയാൾക്ക് കണ്ണൂർ കേന്ദ്രീകരിച്ച് പ്രത്യേക ഗുണ്ടാ സംഘമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
അതേസമയം അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നതായി കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമല കസ്റ്റംസിന് നൽകിയ മൊഴി. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നൽകിയിട്ടുണ്ട്.