പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്രയേല്‍ കമ്പനിയുമായി മോദി സർക്കാരിനു ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരിക്കണം. ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് പോലെ സത്യം ബിജെപിയെ വേദനിപ്പിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ആദ്യം സൂചന പുറത്തുവിട്ടത് സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു.
ഇതിനു പിന്നാലെയാണ് രാജ്യത്തെ 2 കേന്ദ്രമന്ത്രിമാർ, 3 പ്രമുഖ പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, ഭരണഘടനാ സ്ഥാനം വഹിക്കുന്ന വ്യക്തി, നാൽപതിലേറെ മാധ്യമപ്രവർത്തകർ എന്നിവരടക്കം പെഗാസസിന്റെ നിരീക്ഷണത്തിലുണ്ടെന്നു റിപ്പോർട്ടു പുറത്തുവന്നത്. വാഷിങ്ടൺ പോസ്റ്റ്, ദ് ഗാർഡിയൻ, ഇന്ത്യയിലെ ഓൺലൈൻ മാധ്യമമായ ദ് വയർ ഉൾപ്പെടെ 10 മാധ്യമങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലോകമെങ്ങുമുള്ള ആയിരക്കണക്കിനു പേരുടെ ഫോണുകളാണ് ചാര സോഫ്റ്റ്‍വെയറിന്റെ വലയത്തിലുള്ളത്.
എൽഗർ പരിഷദ് കേസിൽ പ്രതികളായ തൃശൂർ സ്വദേശി ഹനി ബാബു, റോണ വിൽസൻ, ആക്ടിവിസ്റ്റ് വരവര റാവുവിന്റെ മകൾ കെ.പാവന, കേരളത്തിൽനിന്നുള്ള ആക്ടിവിസ്റ്റായ ജയ്സൻ കൂപ്പർ തുടങ്ങിയവരുടെ നമ്പരുകളും ഉൾപ്പെടുന്നു. മലയാളി മാധ്യമപ്രവർത്തകരായ ഉണ്ണിത്താൻ, ജെ.ഗോപികൃഷ്ണൻ എന്നിവരുടെ നമ്പരുകളുമുണ്ട്. മുന്നൂറിലധികം ഇന്ത്യക്കാരുടെ ഫോണുകളാണ് പട്ടികയിലുള്ളത്. ഫൊറൻസിക് പരിശോധന നടത്തിയ 10 ഇന്ത്യൻ ഫോണുകളിൽ ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാരസോഫ്റ്റ്‍വെയർ കണ്ടെത്തിയിട്ടുണ്ട്.