ഭോപ്പാല്‍: തനിക്കൊപ്പം നിന്ന് സെല്‍ഫി എടുക്കണമെങ്കില്‍ 100 രൂപ വീതം നല്‍കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി ഉഷാ ഠാക്കൂര്‍. ഈ തുക പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അവര്‍ അവകാശപ്പെട്ടു.
സെല്‍ഫിക്ക് നിന്നുകൊടുക്കല്‍ സമയം എടുക്കുന്ന ഏര്‍പ്പാടാണെന്നും തന്റെ പരിപാടികള്‍ ഇത് കാരണം താമസിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ബി.ജെ.പി. സര്‍ക്കാരില്‍ വിനോദ സഞ്ചാര-സാംസ്‌കാരിക വകുപ്പുമന്ത്രിയാണ് ഉഷ.
ഒപ്പം സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ബിജെപിയുടെ പ്രാദേശിക മണ്ഡൽ യൂണിറ്റിന്റെ ട്രഷറിയിൽ നൂറുരൂപ നിക്ഷേപിക്കണമെന്നാണ് ഉഷ പറഞ്ഞത്.
പൂച്ചെണ്ടുകൾ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൂക്കളിൽ ലക്ഷ്മീദേവി വസിക്കുന്നതിനാൽ അവ ഭഗവാൻ വിഷ്ണുവിന് മാത്രം സമർപ്പിക്കാനുള്ളതാണ്. പൂക്കൾക്ക് പകരം പുസ്തകങ്ങൾ സ്വീകരിച്ചുകൊള്ളാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.