അമ്പലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലുണ്ടായ പ്രവര്‍ത്തന വീഴ്ചയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരായ അന്വേഷണത്തിന് സിപിഎം. തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി. സുധാകരന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാൻ സംസ്ഥാന കമ്മിറ്റി രണ്ടംഗം കമ്മീഷനെ നിയോഗിച്ചതിന് ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. എളമരം കരീമും കെ ജെ തോമസും ഈ മാസം 25ന് ആലപ്പുഴയിൽ എത്തി അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ അന്വേഷണം തുടങ്ങും. സംസ്ഥാന സമിതിയുടെ തീരുമാനം ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ജി.സുധാകരന്‍ പ്രതികരിച്ചില്ല.
ഈ മാസം ആദ്യം ചേര്‍ന്ന സിപിഎമ്മിന്റെ സംസ്ഥാന സമിതിയാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജി.സുധാകരന്‍ അമ്പലപ്പുഴയിലെ വിജയത്തിന് അടിസ്ഥാനമായുളള പ്രവര്‍ത്തനമല്ല സംഘടിപ്പിച്ചതെന്ന വിമര്‍ശനമുണ്ടായിരുന്നു.
സുധാകര അനുകൂലികളായ കെ. രാഘവന്‍, കെ. പ്രസാദ് ഉൾപ്പെടെ അഞ്ച് പേര്‍ മാത്രം കമ്മീഷനെ വച്ചതിനെ എതിർത്തപ്പോൾ, മറ്റ് 35 പേരും അന്വേഷണം സ്വാഗതം ചെയ്തു.
പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലത്തെ സ്‌കൂള്‍ ഫണ്ട് തിരിമറിയിലും സിപിഐഎം വിശദീകരണം തേടി. സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണവും സുധാകരനെതിരെ ഉണ്ടായിരുന്നു. വിഷയത്തില്‍ വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതോടെ സുധാകര പക്ഷം നേതാക്കളായ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവനോടും ഏരിയാ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരന്‍ എന്നിവരോടും പാര്‍ട്ടി വിശദീകരണം തേടി.