ന്യൂഡല്‍ഹി: നാളെ ആരംഭിക്കുന്ന പാർലമെന്‍റിന്‍റെവർഷകാല സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും നിർദേശങ്ങൾ കേൾക്കുമെന്നും പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു.
കർഷക സമരം അടക്കമുള്ളവിഷയങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു യോഗത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇന്ധന വില വര്‍ധന, കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്തതിലെ വീഴ്ച, വാക്സീന്‍ ക്ഷാമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ആയുധമാക്കി ഭരണ പക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്തമാസം 13 വരെയാണ് സമ്മേളനം. വൈദ്യുതി ഭേദഗതി ബില്‍, പ്രതിരോധ സര്‍വ്വീസ് ബില്ലടക്കം പുതിയ 17 ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതടക്കം നാല്‍പത്തിയേഴ് ബില്ലുകളാകും സഭയിലെത്തുക.
സര്‍വ്വ കക്ഷി യോഗത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു. ഇന്ധന വില വര്‍ധനവും കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും കാര്‍ഷിക നിയമങ്ങളിൽ കർഷകരുടെ പ്രതിഷേധവും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.
അതേസമയം, പാർലമെന്റിന് മുന്നിൽ വ്യാഴ്ച്ച മുതൽ നടത്താൻ തീരുമാനിച്ച ഉപരോധസമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ ആവർത്തിച്ചു. ധർണ മാറ്റിവെയ്ക്കണെമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.