തിരുവനന്തപുരം: ബലി പെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സര്‍ക്കാര്‍ തീരുമാനം അനവസരത്തിലുള്ളതാണെന്നും ഇളവ് നൽകിയത് ദൗര്‍ഭാഗ്യകരമെന്നും ഐഎംഎ പ്രതികരിച്ചു.
ഇളവുകള്‍ നല്‍കിയ സര്‍ക്കാരിന്റെ തീരുമാനം തെറ്റാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥാടനയാത്രകള്‍ മാറ്റിവച്ചു. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഇളവുകൾ ദൗര്‍ഭാഗ്യകരമാണെന്നും ഐഎംഎ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഇളവുകള്‍ അനുവദിച്ചത്. ഞായറാഴ്ച ഉൾപ്പെടെ മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കാനാണ് അനുമതി നൽകിയത്. വ്യാപാരികളുടെ സമ്മർദ്ദത്തിന്റെ ഫലമായിട്ട് കൂടിയാണ് കടകൾക്ക് അനുമതി നൽകിയത്.
പെരുന്നാൾ പ്രമാണിച്ച് ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെ എണ്ണം നാല്‍പതായി നിജപ്പെടുത്തിയിട്ടുണ്ട്. കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നല്‍കാനും നിര്‍ദേശമുണ്ട്.